മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നൂറുകണക്കിനാളുകള്‍ക്ക് പരിക്ക്-വീഡിയോ


മലപ്പുറം: പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഒരുമാസത്തോളമായി നടക്കുന്ന ഫുട്ബോള്‍ മേളയുടെ ഫൈനലായിരുന്നു ശനിയാഴ്ച. കളി തുടങ്ങുന്നതിനുമുമ്പ് രാത്രി 9.15ഓടെയാണ് അപകടം. പതിനായിരത്തോളം ആളുകള്‍ മത്സരം കാണുന്നതിനായി ഗ്യാലറിയിലുണ്ടായിരുന്നു.

 

കിഴക്കുഭാഗത്തെ ഗ്യാലറിയാണ് തകര്‍ന്നത്. മുളയും കമുകും ഉപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചിരുന്നത്. 100 മീറ്റര്‍ ദൂരത്തില്‍ ഗ്യാലറിയിലുള്ളര്‍ നിലത്തുവീണു. നൂറുക്കണക്കിന് ആളുകള്‍ക്ക് പരിക്കുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ നിലമ്പൂരിലെയും വണ്ടൂരിലെയും ആശുപത്രികൡലേക്ക് മാറ്റി.

കഴിഞ്ഞദിവസം മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. മണ്ണ് നനഞ്ഞതിനെ തുടര്‍ന്ന് ഗ്യാലറിക്കായി സ്ഥാപിച്ച കാലുകള്‍ ഇളകി മാറിയതാകാം അപകട കാരണമെന്ന നിഗമനത്തിലാണ് സംഘാടകര്‍. കമുങ്ങും മുളയുംകൊണ്ട് നിര്‍മ്മിച്ചതായിരുന്നു സ്റ്റേഡിയം.

ആമപ്പൊയില്‍ സ്വദേശി ജംഷീദ് (36), ജയ്ഷിദ് ( 26), -സുഹൈല്‍ (23), ഷമീര്‍ (30), സമദ് (34), ഹിഷാന്‍ ( 11 ), ആഷിഖ്,-ചോക്കാട് കല്ലാമൂല സ്വദേശി പ്രകാശ് (30 ), ജിതിന്‍ (26), നിമിത്ത് (38), ശ്രാവണ്‍ദേവ് (10), ഷബിന്‍ഷാദ് ( 16), ജയചന്ദ്രന്‍ (46), രാജേഷ് (33), പത്തപ്പിരിയം സ്വദേശി ശ്രീജിത്ത് (26) , അബൂബക്കര്‍ (50 ), അമ്പലക്കടവ് സ്വദേശി മുഹമ്മദ് ആഷിഖ് (34), സുഫിയാന്‍ (30), മുഹമ്മദ് ഷാ (25), കമറുദ്ധീന്‍ (29), അബ്ദുല്‍ ഗഫുര്‍, ഷബീബ്, റിഷാദ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളളത്. ഫൈനല്‍ മത്സരമായതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ എ പി അനില്‍കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. റോഡിന്റെ ഭാഗത്തുള്ള ഗ്യാലറി റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്ക് തന്നെ മറിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. പിറകിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ തട്ടി വന്‍ദുരന്തത്തിനിടയാക്കുമായിരുന്നു.