പത്താം ദിനം, ഒൻപതാം വർദ്ധനവ്; ഇന്ധന വില ഇന്നും കൂടി


കോഴിക്കോട്: പതിവ് തെറ്റിയില്ല ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഉയര്‍ത്തിയ നിരക്ക് ഇതോടുകൂടി 6.40 രൂപയായി. 111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോൾ ലിറ്ററിന് വില. ഡീസലിന് 98 രൂപ 45 പൈസയും.

തിരുവനന്തപുരത്ത് പെട്രോൾ, ഡീസൽ വില സെഞ്ചുറി അടിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയും പെട്രോളിന് 113 രൂപ 24 പൈസയുമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് സംസ്ഥാനത്ത് ഡീസല്‍ വീല 100 കടന്നിരുന്നു. എന്നാല്‍ നവംബറില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില നൂറില്‍ നിന്ന് താഴുകയായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച്‌ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.