പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ ഐ.സി.യുവില്‍; അപകടം പാലക്കാട്


പാലക്കാട്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് ജില്ലയിലെ മേല്‍മുറിയിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

നേരത്തേ കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് കാല്‍തെറ്റി വീണ ബ്രസീല്‍ ആരാധകന്‍ മരിച്ചിരുന്നു. അഴീക്കോടിന് സമീപം അലവില്‍ ടൗണിലായിരുന്നു അപകടം നടന്നത്.

ഫ്‌ളക്‌സുകളും കട്ടൗട്ടുകളും സ്ഥാപിക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.