കായണ്ണയിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെ; വ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം


കായണ്ണബസാര്‍: കായണ്ണയില്‍ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെയെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വിഷബാധയ്ക്ക് കാരണം ഷിഗല്ലെ ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്.

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ മകളുടെ വിവാഹ വീട്ടിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഞായറാഴ്ചയായിരുന്നു വിവാഹം. എല്ലാ തരം ഭക്ഷണം കഴിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതിനാല്‍ തന്നെ വെള്ളത്തിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പഞ്ചായത്തില്‍ ഷിഗല്ലെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ വിവാഹം, ഗൃഹ പ്രവേശനം തുടങ്ങിയവ നടക്കുന്ന വീടുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പഞ്ചായത്തില്‍ യോഗം വിളിച്ചുചേര്‍ക്കും.