കോഴിക്കോട് ജില്ലയിൽ ഭക്ഷ്യ പരിശോധന ശക്തമായി തുടരുന്നു; ചങ്ങരോത്ത് ബ്ലാക്ക് പേപ്പർ റെസ്റ്റോറെന്റിനും മറ്റു നാലു സ്ഥാപനങ്ങൾക്കുമെതിരെ നടപടി

കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യ പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം ചങ്ങരോത്ത്, പന്തിരിക്കര എന്നിവിടങ്ങളിലായി പതിനഞ്ച് സ്ഥാപനങ്ങളിലായി പരിശോധനകൾ നടന്നു. ലൈസെൻസ് ഇല്ലാതെയും, നിയമ ലംഘനങ്ങൾ നടത്തിയ അഞ്ചു കടകൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.

ആറ് ജ്യൂസ്‌ സ്റ്റാളുകൾ അഞ്ച് ഹോട്ടൽ ഒരു ഗ്രോസറി ക്കട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടിടങ്ങളിൽ നിന്ന് സാമ്പിൾ പരിശോധനക്ക് അയച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും ഷെഡ്യൂൾ IV നിയമ ലംഘിച്ചതിനുമാണ് നടപടി.

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനാണ് പന്തിരിക്കരയിലെ ഡി ബേക്സ്, വി.പി സ്റ്റോറീസ്, ലെമോറ കെയ്ക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.ചങ്ങരോത്തെ ബ്ലാക്ക് പേപ്പർ റെസ്റ്റോറെന്റിനും പന്തിരക്കരയിലെ അറേബ്യൻ റെസ്റ്റോറന്റിനുമെതിരെ ഷെഡ്യൂൾ IV നിയമ ലംഘനങ്ങൾ നടത്തിയതിനും ലൈസൻസ് എടുക്കാതെയും പ്രവർത്തിച്ചതിനും കോമ്പൗണ്ടിങ് നടപടി സ്വീകരിച്ചു.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് പരിശോധനകൾക്ക് നേതൃത്വം നൽകി. ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ ഉന്മേഷ് പി.ജി, ലസിക എന്നിവരും പരിശോധനയിൽ പങ്കെടുത്തു.