എപ്പോഴും ക്ഷീണം തന്നെയാണോ? ഊര്‍ജ്ജം വീണ്ടെടുക്കാനിതാ അഞ്ച് വഴികള്‍


തിരക്കേറിയ ജീവിതമാണ് ഇന്നത്തേത്. ജോലിയും വീട്ടുകാര്യവുമെല്ലാം നോക്കുന്നതിനിടെ സ്വന്തം കാര്യം നോക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല.ദിവസം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് നിങ്ങളെ ക്ഷീണിപ്പിക്കും. നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അത് ശാരീരികമായ പ്രശ്‌നം മാത്രമാകണമെന്നില്ല. മാനസികമായ ചില ബുദ്ധിമുട്ടുകള്‍ കൂടിയുണ്ടാവാം. ഇത് മാറ്റാനുള്ള അഞ്ച് നിര്‍ദേശങ്ങളാണിവിടെ പറയുന്നത്.

നല്ല ഉറക്കം:
ദിവസം എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ ഉറങ്ങണം. ഇത് ശാരിരികമായ സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുകയും പിറ്റേദിവസം ഊര്‍ജ്ജസ്വലത അനുഭവപ്പെടാന്‍ സഹായിക്കുകയും ചെയ്യും.

ഇന്‍ട്രോവേര്‍ട്ടുകളാണെങ്കില്‍ അല്പസമയം ഒറ്റയ്ക്കിരിക്കാം:

ആളുകളുമായി ഇടപെടുന്നവരാണെങ്കില്‍ അത്തരം ഇടപെടലുകള്‍ തന്നെ ഊര്‍ജ്ജം പകരും. എന്നാല്‍ എല്ലാവരില്‍ നിന്നും ഒതുങ്ങി നില്‍ക്കുന്ന ചിലരുണ്ട്. ആളുകളുമായി ഇടപെടാന്‍ പേടിയുള്ളവര്‍. അത്തരക്കാര്‍ റീചാര്‍ജ് ചെയ്യപ്പെടണമെങ്കില്‍ കുറച്ചുസമയം അവര്‍ക്കുമാത്രമായി കിട്ടണം.

സ്ട്രസ് അകറ്റുക:

തിരക്കേറിയ ജീവിതം വലിയ സ്ട്രസ് സമ്മാനിക്കും. ഇത് അങ്ങേയറ്റം സാധാരണമാണ്. എന്നാല്‍ സ്ട്രസ് കൂടിയാല്‍ അത് മാനസികമായ സങ്കീര്‍ണതകള്‍ക്ക് വഴിവെക്കും. അതിലൊന്നാണ് കനത്ത ക്ഷീണം. സ്ട്രസ് കുറയ്ക്കാനുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.

ഹോബിയ്ക്കു പിന്നാലെ പോകൂ:

ജോലിയോട് എത്രതന്നെ ഇഷ്ടമുണ്ടെങ്കിലും ഒരുപാട് സമയം ജോലി ചെയ്യുന്നത് മടുപ്പുണ്ടാക്കും. എന്നാല്‍ ജോലിയ്‌ക്കൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചില കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കിലോ. അത് മരുന്നിന്റെ ഫലം തരും, മനസിനും ശരീരത്തിനും.

യാത്ര പോകുക:

എന്നും ഒരേ കാര്യങ്ങളിലൂടെ തന്നെ കടന്നുപോകുന്നത് മനസിനും ശരീരത്തിനും ക്ഷീണമുണ്ടാക്കും. അതിനാല്‍ രണ്ട് മൂന്ന് ദിവസം അവധിയെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകുന്നത് മനസിനും ശരീരത്തിനും ഉന്മേഷം പകരും.