സിം കാണാതായതിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് സൂപ്പിയുടെ കൊലപാതകത്തോടെ; മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ച സംഭവത്തില്‍ പ്രതി മനോദൗര്‍ബല്യത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി നാട്ടുകാര്‍


നാദാപുരം:
അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്തയുടെ ഞെട്ടലിലാണ് മുടവന്തേരി. തൊട്ടുമുമ്പ് നാട്ടിലെ വിവാഹ ചടങ്ങില്‍ നാട്ടുകാര്‍ക്കൊപ്പം പങ്കാളിയായുണ്ടായിരുന്നയാള്‍ കൊല്ലപ്പെട്ടിരിക്കുന്നു, അതും മകന്റെ കുത്തേറ്റ്.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മകന്റെ കുത്തേറ്റ് തൂണേരി പഞ്ചായത്തിലെ മുടവന്തേരി ഒന്നാം വാര്‍ഡിലെ പറമ്പത്ത് സൂപ്പി (62) മരിച്ചത്. മകന്റെ ആക്രമണത്തില്‍നിന്ന് വീടിന്റെ മുകള്‍നിലയിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൂപ്പിയെ കോണിപ്പടിയില്‍ കുത്തിവീഴ്ത്തുകയായിരുന്നു.

മകനായ മുഹമ്മദലി അമ്മയെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതി മുഹമ്മദലി (31) പൊലീസ് നിരീക്ഷണത്തിലാണ്.

ഇടക്കിടെ മനോദൗര്‍ബല്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രതി വീട്ടില്‍ ബഹളംവെക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിവ് വഴക്കാണെന്നു കരുതി വീട്ടില്‍ നിന്നും ബഹളം കേട്ടപ്പോള്‍ ആദ്യം ആരും മെന്റ് ചെയ്തില്ല. കൂട്ടക്കരച്ചിലായതോടെയാണ് ആളുകള്‍ ഓടിക്കൂടിയത്. എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍കുളിച്ചു നില്‍ക്കുന്ന നാലുപേരെയാണ്.

ഒറ്റനില വീടിന്റെ കോണിപ്പടി മുതല്‍ വരാന്ത വരെയുള്ള മുഴുവന്‍ സ്ഥലങ്ങളിലും രക്തം തളംകെട്ടിയ നിലയിലായിരുന്നു. സൂപ്പി സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും മറ്റുള്ളവരെ നേരം വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു. അമ്മ നഫീസക്ക് വലതു ചുമലിലും സഹോദരന്‍ മുനീറിന് കൈക്കും ആഴത്തില്‍ മുറിവേറ്റിരുന്നു.

മുഹമ്മദലി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ വാക്കേറ്റം നടന്നിരുന്നു. കൃത്യം നടന്ന ദിവസം അടുത്ത വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു സൂപ്പി. സൂപ്പിയെ ആക്രിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് നഫീസയ്ക്കും മുനീറിനും കുത്തേറ്റത്. കാലിനും കൈക്കും മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തി.

നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, സി.ഐ ഇ.വി. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍നിലയിലെ ടെറസില്‍ ചാക്കില്‍ സൂക്ഷിച്ച തേങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പിടികളില്‍ രക്തംപുരണ്ട വിദേശനിര്‍മിത കത്തി കണ്ടെത്തി. കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

നാദാപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിപ്പുരമുക്കിലെ മകളുടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് ഏഴു മണിയോടെ മുടവന്തേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.