ചിങ്ങ മാസത്തെ വരവേറ്റ് ചേമഞ്ചേരി; വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷകദിനാഘോഷം


കൊയിലാണ്ടി: നാളെ ചിങ്ങം ഒന്ന്. വൈവിധ്യമാർന്ന പരിപാടികളോടെ കര്‍ഷകദിനത്തെ വരവേല്‍ക്കുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും. ആഗസ്റ്റ് 16, 17 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.

വൈവിധ്യമാര്‍ന്ന പരിപാടികളാണ് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് ചൊവ്വാഴ്ച തുടക്കമായി. പൈതൃക പുരാതന കൃഷി ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍, കുടകള്‍, തുടങ്ങിയവയുടെ പ്രദർശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.ഷീല, വി.കെ.അബ്ദുള്‍ ഹാരിസ്, അതുല്യ ബൈജു, ചേമഞ്ചേരി കൃഷി ഓഫീസര്‍ വിദ്യാ ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ എ.ഡി.എസ്സുമാര്‍ക്ക് കൃഷി അനുബന്ധ ക്വിസ്സും സംഘടിപ്പിച്ചു.

മികച്ച കര്‍ഷകന്‍ അബുബക്കര്‍ ഹാജി നയിച്ച് അശോകന്‍ കോട്ട്, ശശി കോളോത്ത്, ബാലു പൂക്കാട്, ഉണ്ണി മാടഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കിയ കുടുംബശ്രീ അംഗങ്ങളുടെ പായസ പാചക മത്സരവും നടന്നു.

summary: Farmers Day celebration with various programs at chemancheri