തേക്കിന്റെ നാടായ നിലമ്പൂരേക്ക് പോകാം? കോഴിക്കോട് നിന്ന് കെ.എസ്.ആർ.ടി.സിയിൽ ഒരു മനോഹര യാത്രയ്ക്ക് ഒരുങ്ങിക്കോ
കോഴിക്കോട്: തേക്കിന്റെ നാടായ നിലമ്പൂരിലേക്ക് കോഴിക്കോട് നിന്ന് യാത്ര പോകാം. അതും നൊസ്റ്റാൾജിയ വിളിച്ചോതുന്ന ആന വണ്ടിയിൽ ഒരു ഏകദിന യാത്ര. ഒറ്റദിവസത്തിൽ നിലമ്പൂർ കണ്ടുതീരുമോ എന്ന സംശയമുണ്ട്. എങ്കിലും നിലമ്പൂരിലെ പ്രധാന കാഴ്ചകളൊന്നും മിസ്സാകാതെയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്ര പ്ലാൻ ചെയ്യുന്നത്.
രാവിലെ 6.30ന് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുക. ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യ നിർമ്മിത തേക്ക് തോട്ടമായ കനോലി പ്ലോട്ടിലേക്ക് ആദ്യം യാത്ര പോകും. 5.675 ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിലെ കാഴ്ചകൾ ആസ്വദിക്കാം. കടത്ത് ജങ്കാറിൽ യാത്ര നടത്താം.
നിലമ്പൂർ ഫോറസ്റ്റിലെ ബംഗ്ലാവിലേക്കാണ് കനോലി പ്ലോട്ടിൽ നിന്ന് നേരെ പോവുക. ഏറെ പഴക്കം ചെന്ന ബംഗ്ലാവിലെ കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കും. പിന്നീടുള്ള യാത്ര മലപ്പുറത്തെ മിനി ഊട്ടിയിലേക്കാണ്. സിപ് ലൈൻ ഉൾപ്പെടെ നിരവധി ആക്ടിവിറ്റികളും ചില്ലുപാലം കയറലും അങ്ങനെ കുറേയുണ്ട് ഇവിടെ. 540 രൂപയാണ് ബജറ്റ്. ഈ പാക്കേജിൽ ബസ് ചാർജ് മാത്രമേ ഉൾപ്പെടുന്നുള്ളൂ. എൻട്രീ ഫീസും ഭക്ഷണവും ഉൾപ്പെടില്ല. യാത്ര കഴിഞ്ഞ് രാത്രി 9 മണിയോടെ കോഴിക്കോട് തിരിച്ചെത്തും.