വാഗാഡ് ലോറി ഇടിച്ച് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന സംഭവം: 99 ശതമാനം വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു; അറ്റകുറ്റപ്പണികള്‍ നാളെയും തുടരും


കൊയിലാണ്ടി: ദേശീയപാതാ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വൈദ്യുത ബന്ധം 99 ശതമാനവും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ഇനി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ളതെന്നും കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതേസമയം ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നാളെയും തുടരും.

കഴിഞ്ഞ ദിവസമാണ് അപകടകരമായി ഓടിച്ച വാഗാഡിന്റെ ടിപ്പര്‍ ലോറി ഇടിച്ച് കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയത്. അപകടത്തില്‍ എട്ടരലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി കണക്കാക്കിയത്. പതിമൂന്ന് പോസ്റ്റുകളും ഒരു ട്രാന്‍സ്ഫോമറും അനുബന്ധ ഉപകരണങ്ങളും മാറ്റേണ്ടതുണ്ട്.


Also Read: വാഗാഡ് ലോറികളുടെ മരണപ്പാച്ചിലില്‍ അപകടങ്ങള്‍ പതിവായിട്ടും ഒരുജീവന്‍ നഷ്ടമായിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍; ഒറ്റരാത്രികൊണ്ട് കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയത് എട്ടരലക്ഷം രൂപയുടെ നഷ്ടം


വാഗാഡിന്റെ ലോറികളുടെ അപകടകരമായ യാത്ര സംബന്ധിച്ചും മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കാര്യമായ നടപടികളൊന്നും ഇവയ്ക്കെതിരെ ആര്‍.ടി.ഒ അടക്കമുള്ളവരില്‍ നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അപകടമുണ്ടായ സ്ഥലത്തിന് ഏതാണ്ട് അടുത്തായി നടന്ന അപകടത്തില്‍ വാഗാഡ് ലോറിയിടിച്ച് ഇരുചക്ര വാഹനായാത്രികന്‍ മരണപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ലോറികള്‍ പലതിനും നമ്പര്‍ പ്ലേറ്റില്ല. ഇത് ഇവയ്ക്കെതിരെ പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൂടാതെ മിക്ക ലോറുകള്‍ക്കും പിന്‍ഭാഗത്ത് ഡോറില്ല. കല്ലും പാറക്കഷ്ണങ്ങളുമെല്ലാം നഗരമധ്യത്തിലൂടെ കൊണ്ടുപോകുന്നത് ഈ ലോറികളാണ്. പിറകില്‍ വരുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ഏറെ അപകടം സൃഷ്ടിക്കാവുന്ന ഈ യാത്രയ്ക്കെതിരെ പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നു. ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചെങ്കിലും നിയമലംഘനങ്ങള്‍ക്ക് അറുതിവന്നിട്ടില്ല.


Related News: വാഗാഡ് ലോറിയുടെ അപകടകരമായ ഡ്രൈവിങ്; കൊയിലാണ്ടിയില്‍ മൂന്ന് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു, പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി