സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വര്‍ധനവ് നാല് മാസത്തേക്ക്


വടകര: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും. യൂണിറ്റിന് ഒന്‍പത് പൈസയാണ് കൂട്ടുന്നത്. വര്‍ധനവ് മെയ് 31 വരെ തുടരും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.


2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി പുറത്തു നിന്നായിരുന്നു വാങ്ങിയിരുന്നത്. ഇതിനാല്‍ വൈദ്യുതി ബോര്‍ഡിന് 87.07 കോടി രൂപ അധിക ചിലവായി വന്നു. ഇത് പിരിച്ചെടുക്കുന്നതിനാണ് ഇപ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം.

യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയും 2022 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുമുള്ള കാലയളവിലേക്ക് യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇത് പിന്നീട് പരിഗണിക്കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.