കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ കൊയിലാണ്ടി സ്വദേശി, മാസങ്ങളോളം ഭർത്താവിനെ പറ്റി യാതൊരു അറിവുമില്ലാതെ ഭാര്യ; ഉദ്വേഗ ഭരിതമായ ജീവിത കഥ ത്രില്ലർ നോവലാക്കി കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷ്; ‘ഏകശില’യുടെ കവർ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ‘സോമാലിയൻ കടൽ കൊള്ളക്കാരാണ് തട്ടിയെടുത്തിരിക്കുന്നത്, തിരികെ എത്താനാവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഭീതിയുടെ ഇരുണ്ട കാലം. ജീവൻ കയ്യിൽ പിടിച്ച് ജീവിച്ച നാളുകൾ’ ബ്രിജേഷും ചഞ്ചലും കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷുമായ് അനുഭവങ്ങൾ പങ്കു വെച്ചതോടെ പിറന്നത് ത്രില്ലർ നോവൽ.

നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനെയാണ് സോമാലിയൻ കപ്പൽകൊള്ളക്കാരൻ തട്ടികൊണ്ടുപോയത്. തുടർന്ന് മാസങ്ങളോളം ഭർത്താവിനെ പറ്റി യാതൊരറിവുമില്ലാതെയാണ് ഭാര്യ ചഞ്ചൽ ബിജിഷ ജീവിച്ചത്. ഇത് വർത്തകളിലെല്ലാം ഇടംപിടിച്ചിരുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പ്രമേയമാക്കി നോവലെഴുതുകയായിരുന്നു. കപ്പൽക്കൊള്ള പ്രമേയമാക്കി എഴുതിയ ഏകശില എന്നനോവലിന്റെ കവർ പേജ് പ്രകാശനം ചെയ്തു.

അജു ശ്രീജേഷിന്റെ അമ്മ ജയഭാരതി 33-ാം വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിലിന് കൈമാറി പ്രകാശനം നിർവഹിച്ചു. കൊയിലാണ്ടി പയറ്റുവളപ്പിൽ ക്ഷേത്ര ലൈബ്രറി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലാക്കുന്ന ‘ഏകശില’ 2 വർഷത്തിലധികം സമയമെടുത്തും റിസർച്ചുകളിലൂടെയുമാണ് അജുശ്രീജേഷ് പൂർത്തിയാക്കിയത്.ഈ നോവലിലൂടെ അവരുടെ ജിവതത്തിലെ പിന്നാമ്പുറക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ് അദ്ദേഹം.

ഇറ്റാലിയൻ ഷിപ്പിംഗ് ലൈനായ ‘ഫ്രാറ്റെല്ലി ഡി അമാറ്റോ’യുടെ ഓയിൽ ടാങ്കറായ ‘സവിന കെയ്‌ലിനെ’ സൊമാലിയൻ തീരത്ത് നിന്ന് 1420 കിലോമീറ്റർ അകലെവെച്ച് വർഷങ്ങൾക്ക് മുമ്പ് കൊള്ളക്കാർ ഹൈജാക്ക് ചെയ്യുകയായിരുന്നു.

നോവൽ പ്രകാശനം എഴുത്തുകാരൻ ശത്രുഘ്‌നൻ 2022 ആഗസ്റ്റ് 21 ഞായറാഴ്ച വൈകീട്ട് 3.30ന് കൊയിലാണ്ടി ടൗൺഹാളിൽ നിർവഹിക്കും. സോമൻ കടലൂർ, റിഹാൻ റാഷിദ് തുടങ്ങിയ  എഴുത്തുകാരും ചടങ്ങിൽ സംബന്ധിക്കുന്നു.