പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: വടകര അടയ്ക്കാത്തെരുവില്‍ ലോറിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ എസ്.ഡി.പി.ഐ. ജില്ലാസെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍, ഹര്‍ത്താലിനിടെ വിവിധ അക്രമങ്ങളില്‍ ജില്ലയില്‍ ഇന്നലെ എട്ടുപേര്‍ പിടിയില്‍


വടകര: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വടകര അടയ്ക്കാത്തെരുവില്‍ ലോറിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ എസ്.ഡി.പി.ഐ ജില്ലാസെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി അടയ്ക്കാത്തെരുവിലെ ആയാടത്തില്‍ അക്കംവീട്ടില്‍ നിസാമുദീന്‍ (38), പോപ്പുലര്‍ ഫ്രണ്ട് ഏരിയാസെക്രട്ടറി വടകര സ്വദേശി പള്ളിക്കലകത്ത് നഫ്നാസ് (30), ഏരിയാകമ്മിറ്റി അംഗം കുറുമ്പയില്‍ ബൈത്തുല്‍ ജന്നത്തില്‍ ഷൗക്കത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താല്‍ദിവസം രാവിലെ അടയ്ക്കാത്തെരുവില്‍വെച്ചാണ് ലോറിക്ക് കല്ലേറുണ്ടായത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര ഇന്‍സ്‌പെക്ടര്‍ പി.എം മനോജും സംഘവും മൂന്നുപേരെയും പിടികൂടിയത്.

ഇവരുള്‍പ്പെടെ എട്ടു പേരാണ് ഇന്നലെ ഹര്‍ത്താലിനോടനുബന്ധിച്ച വിവിധ കേസുകളില്‍ ജില്ലയില്‍ അറസ്റ്റിലായത്. കോഴിക്കോട് പുതിയകടവ് സജ്‌ന നിവാസില്‍ ജംഷീര്‍ (31), നടക്കാവ് നാലുകുടിപറന്പില്‍ എം.പി. ജംഷീര്‍ (32), ചെലവൂര്‍ കൊല്ലറക്കല്‍ മുഹമ്മദ് ബഷീര്‍ (52), മാറാട് സ്വദേശികളായ മംഗലശ്ശേരി വിട്ടില്‍ മുഹമ്മദ് ഹാത്തിം (38), ബൈത്തുല്‍ ഉമ്മര്‍ വീട്ടില്‍ അബ്ദുള്‍ ജാഫര്‍ (33) എന്നിവരാണ് മറ്റുള്ളവര്‍.

നടക്കാവിലും സിവില്‍ സ്റ്റേഷനിലും വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞ കേസിലും ഹോട്ടല്‍ തകര്‍ത്ത കേസിലുമാണ് എന്‍.പി ജംഷീര്‍ ബഷീര്‍, ജംഷീര്‍ എന്നിവരെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷും എസ്.ഐ കൈലാസ് നാഥുമുള്‍പ്പെടെയുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. മാസ്കും ഹെല്‍മെറ്റും ധരിച്ചാണ് ഇവര്‍ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടുനടന്ന അക്രമത്തില്‍ ഒരാളെക്കൂടി കണ്ടെത്താനുണ്ട്.

ചെറുവണ്ണൂര്‍ സ്റ്റീല്‍കോംപ്‌ളക്‌സിനു സമീപത്തുവെച്ച് കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലാണ് മുഹമ്മദ് ഹാത്തിം, അബ്ദുള്‍ ജാഫര്‍ എന്നിവരെ നല്ലളം സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ബോസും സംഘവും മാറാടുനിന്ന് പിടികൂടിയത്. ബൈക്കിലെത്തിയ ഇവര്‍ തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിക്കുനേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയപാതയോരത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. നല്ലളം സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അരുണ്‍ ഗോഷ്, ഷിജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

summary: eight people were arrested yesterday in kozhikode district in several cases following the attack in the harthal conducted by popular frond