തുടരെ തുടരെ പേരാമ്പ്രയിൽ രാഷ്ട്രീയ അക്രമങ്ങള്‍: കൊയിലാണ്ടി സി.ഐ ആയിരുന്ന ഡി.വൈ.എസ്.പി ആർ ഹരിദാസ് കേസ് അന്വേഷിക്കും


പേരാമ്പ്ര: അടുത്തിടെ പേരാമ്പ്രയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ അന്വേഷണ ചുമതല ഡി.വൈ.എസ്.പി ആര്‍.ഹരിദാസിന്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേല്‍നോട്ടമാണ് ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പിയും മുന്‍ കൊയിലാണ്ടി സി.ഐയുമായ ഹരിദാസിന് നല്‍കിയത്. റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ചുമതലയേറ്റത്.

പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമസംഭവങ്ങളാണ് ഡി.വൈ.എസ്.പി അന്വേഷിക്കുക. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അക്രമങ്ങള്‍ നടന്നത്. മൂന്ന് കേ സുകളില്‍ കോണ്‍ഗ്രസും രണ്ടെണ്ണത്തി ല്‍ സി.പി.എമ്മുമാണ് പരാതിക്കാര്‍. കോണ്‍ഗ്രസ് നേതാവ് നസീറിന്റെ വീടിനു നേരെയും സി.പി.എം. നേതാവ് ശ്രീധരന്റെ വീടിന് നേരെയുണ്ടായ പെട്രോള്‍ ബോംബേറും ഉള്‍പ്പെടെയുള്ള കേസുകളാണ് അന്വേഷിക്കുന്നത്.

അതേസമയം തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും വീടുകളില്‍ പൊലീസ് നരനായാട്ട് നടത്തുകയാണെന്നും ആരോപിച്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച്. യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗമാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.