കൊയിലാണ്ടി നഗരത്തില്‍ ലഹരി സംഘത്തിന്റെ അക്രമണം: നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ലഹരി സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. നാലോളം ഉദ്യോഗസ്ഥരെയാണ് ലഹരിക്കടിമയായ അക്രമികള്‍ മര്‍ദ്ദിച്ചത്. നഗരത്തിലെ ബാവ സ്‌ക്വയര്‍ ബില്‍ഡിങില്‍ വെച്ചായിരുന്നു സംഭവം.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി ദിപേഷ്, പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് എ.കെ, രാകേഷ് ബാബു ജി.ആര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ കൊയിലാണ്ടി സ്വദേശിയായി യാസിന്‍ (21), ചെങ്ങോട്ടുകാവ് സ്വദേശിയായ സുമേഷ് (24), അരങ്ങാടത്ത് മുര്‍ഷിദ് (26) എന്നിവരെ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ചോളം വരുന്ന സംഘമായിരുന്നു ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. മൂന്ന് പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.