കനാലിൽ തുള്ളി വെള്ളമെത്തിയല്ല; വരണ്ടുണങ്ങി നടേരി


കൊയിലാണ്ടി: കനാല്‍ വെളളമില്ലാത്തതിനെ തുടർന്ന് രൂക്ഷ ജലക്ഷാമം നേരിട്ട് നടേരി. കനാല്‍ തുറന്നിട്ട് ഒരു മാസമായിട്ടും നടേരി കാവുംവട്ടം ബ്രാഞ്ച് കനാലില്‍ വെളളമെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനവാരമാണ് കനാല്‍ വെളളം തുറന്ന് വിട്ടത്. ഒരാഴ്ച കഴിയുമ്പോഴേക്കും കൊയിലാണ്ടി ഭാഗത്തേക്ക് വെള്ളമെത്തുന്നതാണ് പതിവ്. നടേരി-കാവുംവട്ടം ഭാഗത്തേക്കും ഇതോടൊപ്പം വെളളമെത്തും.

എന്നാൽ ഇത്തവണ ഇതുവരെയായിട്ടും വെള്ളമെത്തിയിട്ടില്ല. നടേരിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. കിണറുകളെല്ലാം വറ്റി വരണ്ടതിനെ തുടർന്ന് നഗരസഭാധികൃതര്‍ ലോറിയില്‍ കൊണ്ടു വരുന്ന വെളളത്തിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതും ഏറെ നേരം കാത്തിരുന്നാലാണ് വെള്ളമെത്തുക.

ഒന്നോ രണ്ടോ ദിവസം കനാല്‍ വെളളം തുറന്നു വിട്ടാല്‍ കിണറുകളും കുളങ്ങളും നിറയുന്നതാണ്. എന്നാല്‍ ഇറിഗേഷന്‍ വകുപ്പ് അതികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ പ്രതികരണവുമില്ല. ഈ പ്രദേശത്തെ കൗണ്‍സിലര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കനാല്‍ ജലം തുറന്നു വിടണമെന്നാവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല.

ആളുകൾ ബുദ്ധിമുട്ട്‌ നേരിടുന്നതുപോലെ ജലക്ഷാമം കാരണം വയലുകളിലെ കൃഷിയും നശിച്ചു. നെല്ല്, പച്ചക്കറി,വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥ അതിദയനീയമാണ്. കൃഷിയെ മാത്രം ആശ്രയിക്കുന്ന അനേകരാണ് ഈ മേഖലയിലുള്ളത്.