കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം; നന്മണ്ട സ്വദേശിയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


കുറ്റ്യാടി: കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചികിത്സതേടിയെത്തിയ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ച് 14ന് വൈകീട്ട് നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പ്രശ്‌നം വഷളായതോടെ കുറ്റ്യാടി പോലീസ് വിപിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

മുന്‍പ് ഈ ഡോക്ടര്‍ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ ചികിത്സയില്‍ അലംഭാവം കാണിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.