പത്മശ്രീ ഗുരു ചേമഞ്ചേരി പ്രഥമ പുരസ്‌കാര വിതരണവും സ്വാതന്ത്ര്വത്തിന്റെ പ്ലാറ്റിനം ജൂബിലി നോട്ട് പുസ്തക പ്രകാശനവും


കൊയിലാണ്ടി: ചേലിയ യു.പി.സ്‌കൂള്‍ സംഘടിപ്പിച്ച പത്മശ്രീ ഗുരുചേമഞ്ചേരി പ്രഥമ പുരസ്‌കാരത്തിന്റെ വിതരണോദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വ്വഹിക്കും. മാര്‍ച്ച് രണ്ടിന് ചേലിയ യു.പി.സ്‌കൂളില്‍ നടക്കുന്ന പരിപാടിയിലാണ് പുരസ്‌ക്കാരം കൈമാറുക. കൂമുള്ളി കരുണാകരനാണ് പ്രഥമ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങിലും കലാധ്യാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. നര്‍ത്തകനായും നടനായും സംവിധായകനായും സംഘാടകനായും കലാ സ്ഥാപനങ്ങളുടെ സ്ഥാപകാചാര്യനായും കലാലോകത്ത് നിറഞ്ഞുനില്‍ക്കുമ്പോഴും വിനയാന്വിതമായ, ഊഷ്മളമായ ഹൃദയബന്ധം നാടിനോടും നാട്ടുകാരോടും കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകായാണ് പുരസ്‌ക്കാരം സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്വാതന്ത്ര്യ സമരനായകന്‍മാരുടെ ബഹു.വര്‍ണ്ണചിത്രങ്ങളോടുകൂടിയ നോട്ട് ബുക്ക് സ്‌കൂള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനവും കെ.മുരളീധരന്‍ എം.പി.നിര്‍വ്വഹിക്കും.