പാലേരിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ല; മഹല്ല് കമ്മിറ്റിയില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ അനുവാദം വാങ്ങാതെയാണ് സെക്രട്ടറി തീരുമാനമെടുത്തത്: പാറക്കടവ് ജുമാമസ്ജിദില്‍ നിക്കാഹില്‍ വധുവിനെ പങ്കെടുപ്പിച്ചതിനെ തള്ളിപ്പറഞ്ഞ് മഹല്ല് ജമാഅത്ത് കമ്മിറ്റി


പേരാമ്പ്ര: പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി പാലേരി-പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. ജൂലൈ 30ന് പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മത്തില്‍ വധുവിന് ഇരിക്കാന്‍ അനുമതി നല്‍കിയ വിഷയത്തിലാണ് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

ഈ വിഷയം വാര്‍ത്തയായതോടെ ബുധനാഴ്ച മഹല്ല് കമ്മിറ്റി യോഗം ചേരുകയും ഈ യോഗത്തിലാണ് പള്ളിയില്‍ വധുവിനെ പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്.

യോഗ തീരുമാനങ്ങള്‍ ഇവയാണ്:

മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്.

മഹല്ല് കമ്മിറ്റിയില്‍നിന്നോ അംഗങ്ങളില്‍നിന്നോ പണ്ഡിതരില്‍നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണ്.

മഹല്ല് ജനറല്‍ സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ കുറ്റസമ്മതം മഹല്ല് കമ്മിറ്റി മുഖവിലക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

പള്ളിയില്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അര്‍ഹിക്കുന്ന മര്യാദകള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതില്‍ വധുവിന്റെ കുടുംബമാണ് ഉത്തരവാദികള്‍. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത്.

അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തില്‍ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതില്‍ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.

പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കും

വെള്ളിയാഴ്ച ചേരുന്ന മഹല്ല് ജനറല്‍ ബോഡിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതാണഎന്നും മഹല്ല് ജമാഅത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.

Summary: disapproves of the manner in which the bride is admitted to the nikah venue secretary took decision without taking permission from mahal committee orpandits