താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം കണ്ടെത്തിയ മൃതദേഹം കൊട്ടാരക്കര സ്വദേശിയുടേത്


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂര്‍ രാജേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ രാജേഷിന്റെ മൃതദേഹമാണ് ഇന്നലെ ചുരത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബസ് യാത്രക്കാരാണ് ആദ്യം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്. സമീപത്ത് നിന്ന് ബാഗും ലഭിച്ചിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈലില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നമ്പര്‍ ലഭിച്ചത്. ബന്ധുക്കള്‍ എത്തിയതിന് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കും.