ബാലുശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമെന്ന് ആരോപണം

ബാലുശ്ശേരി: പാലോളിയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെയാണ് മുപ്പതോളം പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു.

മര്‍ദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കയ്യില്‍ വടിവാള്‍ പിടിപ്പിച്ചുവെന്നും പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചുവെന്നും സി.പി.എം ആരോപിക്കുന്നു. രണ്ട് മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് ജിഷ്ണുവിനെ സംഘം ബാലുശ്ശേരി പൊലീസില്‍ ഏല്‍പ്പിച്ചത്.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.