”കൂനംവെള്ളിക്കാവിലെ ദീപക്ക് എവിടെ?” യുവാവിന്റെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി


മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപെട്ടു.

2022 ജൂണ്‍ മുതലാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 17 ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടില്‍ സംസ്‌ക്കരിക്കുകയാണ് ചെയ്തത്.

സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കടലില്‍ നിന്നും ലഭിച്ച മൃതദേഹം ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്റേതാണെന്ന സംശയത്തിലാണ് പോലീസ്. മരണപ്പെട്ട യുവാവിന്റെ ഡി.എന്‍.എ പരിശോധനാ ഫലം ദീപക്കിന്റെതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദീപക്കിനെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

യോഗത്തില്‍ എന്‍.എം.ദാമോധരന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എന്‍.എം.കുഞ്ഞിക്കണ്ണന്‍, എ.സി.അനൂപ് എന്നിവര്‍ സംസാരിച്ചു.