മഴയും വെയിലും കൊള്ളാതെ പാഴ് വസ്തുക്കള്‍ സൂക്ഷിക്കാന്‍ കണ്ടെയ്‌നര്‍ എം.സി.എഫുകള്‍; മൂടാടിയില്‍ ഖരമാലിന്യ സംസ്‌കരതണത്തിനായി പുതിയ സംവിധാനങ്ങള്‍


മൂടാടി: മൂടാടിയില്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനങ്ങള്‍ – മൂടാടി ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്‌കരണത്തിനായി ഇനി പുതിയ സംവിധാനങ്ങള്‍. കണ്ടെയ്‌നര്‍ എം.സി.എഫുകളാണ് ഇതില്‍ പ്രാധാനപ്പെട്ടത് – 9.5 ലക്ഷം രൂപയില്‍ നാല് കണ്ടയിനര്‍ എം.സി.ഫുകളില്‍ ഹരിതകര്‍മസേന സംഭരിക്കുന്ന പാഴ്‌വസ്തുക്കള്‍ വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കാന്‍ സാധിക്കും. ചരക്ക് കപ്പലുകളില്‍ ഉപയോഗിക്കുന്ന കണ്ടയ്‌നറുകള്‍ ആവശ്യം കഴിഞ്ഞവയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

മൂടാടി ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെ സ്ഥാപിച്ച മിനി എം.സി.എഫുകളാണ് മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മിനി എം.സിഎഫുകളുടെ വിസ്തൃതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ കേരളത്തില്‍ ആദ്യമായി മൂടാടി പഞ്ചായത്തിലാണ് മിനി എം.സി.എഫ് സ്ഥാപിച്ചത്. ഹരിതകര്‍മസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ വഴിയരികില്‍ കൂട്ടിയിടുന്നതിന് ശാശ്വത പരിഹാരം കാണാന്‍ മിനി എം.സി.എഫുകളില്‍ കൂടി സാധിക്കും. എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിച്ച് വരികയാണ്.

പുതിയ സംവിധാനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉത്ഘാടനം ചെയ്തു. ഹരിത കര്‍മസേനക്കായി വാങ്ങിയ രണ്ടാമത്തെ ഇലക്ട്രിക് ഗുഡ്‌സിന്റെ താക്കോല്‍ ദാനം ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ രാകേഷ് കെ.എ.എസ് നടത്തി. ചടങ്ങില്‍ പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ടി.ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍, ടി.കെ. ഭാസ്‌കരന്‍ എം.പി. അഖില മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി.പി. കരീം എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.

Summary: New systems for solid waste treatment in the basement IN MOODADI