ബൈപ്പാസ് നിർമ്മാണത്തിനായി റോഡ് രണ്ടായിമുറിച്ചു, താത്ക്കാലികമായി ഒരുക്കിയ വഴിയിൽ വീണ്ടും മണ്ണിട്ടു; റോഡ് ചെളിക്കുളമായതോടെ കാൽനടപോലും സാധ്യമാകാതെ മരളൂർ പനിച്ചിക്കുന്ന് നിവാസികൾ


കൊയിലാണ്ടി: വാഹനയാത്രയോ കാൽനടയാത്രയോ സാധ്യമാകാതെ പനച്ചിക്കുന്ന് നിവാസികൾ. നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്നാണ് പനച്ചിക്കുന്ന് റോഡ് ചെളിക്കുളമായി മാറിയത്. പനച്ചിക്കുന്ന് ഭാ​ഗത്തെ നൂറോളം കൂടുംബങ്ങൾക്ക് ആശ്രയമായിരുന്ന ഏക റോഡാണ് കനത്തമഴയിൽ കാൽനടപോലും സാധ്യമാകാത്ത തരത്തിൽ ചെളിക്കുളമായത്.

പനച്ചിക്കുന്ന് ഭാ​ഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ നന്തി -ചെങ്ങോട്ട്കാവ് ബെെപ്പാസ് ഈ റോഡിന്റെ നടുവിലൂടെ കടന്നുപോകുന്നതിനാൽ ബെെപ്പാസ് നിർമ്മാണത്തിനായി റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഗതാഗതത്തിനായി താൽക്കാലിക സംവിധാനം ഉണ്ടാക്കുകയായിരുന്നു.

​താത്ക്കാലികമായി ഒരുക്കിയ വഴിയിൽ കരാർ കമ്പനി വീണ്ടും മണ്ണിട്ടതും തുടരെ പെയ്ത മഴയും റോഡ് ചെളിക്കുളമാക്കി. കാൽനടപോലും സാധ്യമാകാത്ത തരത്തിൽ റോഡിൽ ചെളിനിറഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തെ വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ ഏറെ സാഹസപ്പെട്ടാണ് ഇതുവഴി ദേശീയപാതയിലേക്ക് എത്തുന്നത്. പ്രായമായവരെയും ​രോ​ഗികളെയും ആശുപത്രിയിലെത്തിക്കുന്നതിന് ഏറെ പ്രയാസം നേരിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങൾ റോഡിന് എതിർവശത്ത് നിർത്തി കാൽനടയായാണ് പലരും വീടുകളിലേക്ക് വരുന്നത്. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ വഴിയിലെ ചെളിയിൽ താഴ്ന്നുപോവാറുമുണ്ട്.

വിഷയം കാനത്തിൽ ജമീല എം.എൽ.എയെ അറിയിച്ചിട്ടുണ്ടെന്നും കലക്ടറുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്നാണ് അറിയിച്ചതെന്നും കൗൺസിലർ രാജീവൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മഴ കഴിയുന്നതുവരെ നിർമ്മാണ പ്രവൃത്തി നിർത്തിവെക്കണമെന്നാണ് മരളൂർ ബഹുജന കൂട്ടായ്മയുടെ ആവശ്യം.

Summary: The road was cut in two for the construction of the nandi-Chegotukavu bypass, and the makeshift road was re-soiled. Residents of Panichikunnu in Maralur are unable to even walk as the road becomes muddy.