ചുമടിറക്കുന്നതിനെച്ചൊല്ലി തര്‍ക്കം; പേരാമ്പ്ര ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ തൊഴിലാളികള്‍ തമ്മില്‍ കയ്യാങ്കളി


പേരാമ്പ്ര: ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ചുമടിറക്കുന്നതിനെച്ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. നഗരത്തിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മദ്യഷോപ്പില്‍ ചുമടിറക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കി.

മാര്‍ക്കറ്റ് പരിസരത്തെ എ പൂളിലെ ചുമട്ടുതൊഴിലാളികളാണ് നേരത്തെ ലോഡ് ഇറക്കിയിരുന്നത്. 21 മുതല്‍ ഷോപ്പ് ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതോടെ സി പൂളിലെ തൊഴിലാളികള്‍ ലോഡിറക്കാന്‍ തുടങ്ങി. എന്നാല്‍ ബസ് സ്റ്റാന്‍ഡിലെ ബസുകളില്‍ നിന്ന് ലോഡിറക്കാറുള്ള ഡി പൂളിലെ തൊഴിലാളികള്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള കെട്ടിടമെന്ന നിലയില്‍ തങ്ങള്‍ക്ക് കയറ്റിറക്ക് ജോലി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു.

എന്നാല്‍, ചട്ടപ്രകാരമുള്ള അവകാശം തങ്ങള്‍ക്കാണെന്ന് സി പൂളിലെ തൊഴിലാളികള്‍ വ്യക്തമാക്കുകയും ശനിയാഴ്ച വൈകീട്ട് ലോഡ് വന്നപ്പോള്‍ ജോലിക്കെത്തുകയും ചെയ്തു. ഇത് ഡി പൂളിലെ തൊഴിലാളികള്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ശനിയാഴ്ച സി. പൂളിലെ തൊഴിലാളികള്‍ തന്നെ ലോഡിറക്കാന്‍ അനുവദിച്ചു. അടുത്തദിവസം പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.