തുറയൂര്‍ ഇരിങ്ങത്ത് പതിനൊന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ബേക്കറി സാധനങ്ങളുമായി ഒമ്‌നി വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതെന്ന് രക്ഷിതാക്കള്‍


തുറയൂര്‍: ഇരിങ്ങത്ത് പതിനൊന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നതായി പരാതി. ഇരിങ്ങത്ത്കുളങ്ങര പുതിയോട്ടില്‍മുക്ക് പ്രാര്‍ത്ഥനയില്‍ സന്ദീപിന്റെ മകന്‍ ധ്യാന്‍ഹര്‍ഷിനെയാണ് ഒമനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

സെപ്റ്റംമ്പര്‍ 11ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം നടന്നത്. സൈക്കളില്‍ സ്‌കൂളാവശ്യത്തിനായി ചാര്‍ട്ട് വാങ്ങാന്‍ കല്ലുംപുറത്ത് പോയി മടങ്ങി വരും വഴി ഒമ്‌നി വാനിലെത്തിയ രണ്ട് പേര്‍ കുട്ടിയുടെ സൈക്കളിന് മുന്നിലായി വണ്ടി ക്രോസ്സാക്കി നിര്‍ത്തി. വണ്ടിയിലേക്ക് കയറിക്കോളാന്‍ പറയുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പ്രജില കൊയിലാണ്ടി ന്യൂസ് ഡോട്‌ കോമിനോട് പറഞ്ഞു.

പേടിച്ച് പോയ കുട്ടി സൈക്കിള്‍ അവിടെയിട്ട് വണ്ടിയുടെ പുറകിലുടെ വീട്ടിലേക്ക് ഓടിവരുകയാണ് ഉണ്ടായത്. വാഹനത്തില്‍ ചിപ്‌സും ബേക്കറിസാധനങ്ങളും കണ്ടതായി കുട്ടി പറഞ്ഞു. ഞായറാഴ്ച്ച ദിവസമായതിനാലും ഉച്ചസമയമായതിനാലും റോഡില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ചിപ്‌സ് കൊണ്ടുപോവുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതില്‍ ആ വാഹനമല്ലെന്ന് കുട്ടി തിരിച്ചറിഞ്ഞതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

summary: complaint that an attempt was made to kidnapping an 11 year old boy from thurayur