പയ്യോളിയിൽ അർദ്ധ രാത്രിയിൽ തോക്കുചൂണ്ടി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി; ഡ്രൈവറിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു


പയ്യോളി:  ദേശീയപാതയിൽ പയ്യോളിയിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി യാത്രക്കാരെ തട്ടി കൊണ്ട് പോകാൻ ശ്രമം നടത്തിയതായി പരാതി. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. പരാതിക്കാർ യാത്ര ചെയ്തിരുന്ന ഇന്നോവ കാർ തടഞ്ഞു നിർത്തി ഇവരെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതായും പിന്നീട് ഡ്രൈവറിനെ ആക്രമിക്കുകയും വാഹനത്തിനു കേടുപാടുകൾ ഉണ്ടാക്കി എന്നും പരാതിയുണ്ട്. ഇന്നോവയുടെ ഡ്രൈവറിനു പരിക്കേറ്റതായും ആരോപണമുണ്ട്.

മലപ്പുറത്തു നിന്ന് വരുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തടഞ്ഞുനിർത്തി അക്രമികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുടെ കാറിൽ സ്വർണ്ണം ഉണ്ടെന്ന സംശയത്താലാണ് പിന്നാലെ കൂടിയതെന്നു പറയുന്നു. ബൈക്കുകളിലും കാറുകളിലുമായാണ് അക്രമി സംഘം പിന്നാലെ കൂടിയത്. ഇവർ ഇന്നോവ യാത്രക്കാരെ തട്ടി കൊണ്ട് പോവുകയും വാഹനം പൂർണ്ണമായും പരിശോധിച്ച ശേഷം മുചുകുന്ന് കൊയിലോത്തും പടിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ഇന്നോവ കാർ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി വിഷ്ണുവിനെ സംഘം തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി പറയുന്നു. ഇന്നോവ കാറിന്റെ ചില്ലു തകർത്തതായും പറയുന്നു. ഇന്നോവ കാർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ആണിപ്പോഴുള്ളത്. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.