‘പാലൊഴിക്കാത്ത സ്ട്രോങ്ങ് ചിത്രങ്ങള്‍’; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിന് ഉന്മേഷം പകര്‍ന്ന് സല്‍മയുടെ കോഫീ പെയിന്‍റിംഗുകള്‍


 

മുഹമ്മദ് ടി.കെ.

ഇരിങ്ങല്‍: വീട്ടിലെ ഗസ്റ്റ് റൂമില്‍ ഒരു കോഫീ ടച്ച് ആയാലോ? അതിഥികള്‍ക്ക് കാപ്പി കൊടുക്കുന്ന കാര്യമല്ല, ചുവര്‍ അലങ്കരിക്കാന്‍ ഒരു കോഫീ പെയിന്‍റിംഗ് സംഘടിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. കോഫി കൊണ്ട് വരച്ച ഹൃദയം കവരുന്ന പെയിന്‍റിങ്ങുകളാണ് ഇരിങ്ങലിലെ അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍റ് ആര്‍ട് മേളയില്‍ സല്‍മ സലീം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

കാപ്പി അല്ലാതെ മറ്റൊരു നിറങ്ങളോ കൂട്ടുകളോ ഉപയോഗിക്കാതെയാണ് സല്‍മയുടെ പെയിന്‍റിംഗ്. കാപ്പിയുടെ വ്യത്യസ്ത കടുപ്പങ്ങള്‍ ഇതിനായി ഉപയോഗിക്കും.

കാന്‍വാസ് ടെക്സ്റ്ററില്‍ കാപ്പിയുടെ ബ്രൗണ്‍ ഷേഡില്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ക്ക് ഗാംഭീര്യമുള്ള ഫ്രെയിമുകള്‍ കൂടിയാവുമ്പോള്‍ ഒരു റെട്രോ ക്ലാസിക് ഫീല്‍ തന്നെ വരുന്നുണ്ട്.

സാധാരണ ഗതിയില്‍ ആവര്‍ത്തനമായി തോന്നിയേക്കാവുന്ന പൂക്കളും ശലഭങ്ങളും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പോലും കോഫീ പെയിന്‍റിംഗില്‍ ‘എലഗന്‍റ്’ കാഴ്ച നല്‍കുന്നതാണ്.

ബ്രൗണ്‍ മാത്രമാണ് നിറങ്ങള്‍, കാന്‍വാസിന്‍റെ വെളുപ്പിന് ചെറിയ ബ്രൗണ്‍ ടിന്‍റ് നല്‍കി അതിലാണ് ചിത്രരചന. കോഫീ ബ്രൗണിന്‍റെ വ്യത്യസ്ത ഷേഡുകള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ ഒരോ ലേയറുകളായി വേണം വച്ച് തീര്‍ക്കാന്‍. ലളിതമായി തോന്നുന്ന വരകള്‍ പോലും വളരെ സമയമെടുത്ത് വേണം തീര്‍ക്കാന്‍. ഓരോ ലേയറുകളും ഉണങ്ങാന്‍ സമയമെടുക്കും. എന്നിട്ടുവേണം അടുത്ത ലേയര്‍ വരക്കാന്‍. ജലച്ചായത്തില്‍ ഉപയോഗിക്കുന്ന അതേ രീതി തന്നെയാണെങ്കിലും കുറേക്കൂടെ ശ്രദ്ധയോടെയും സര്‍ഗാത്മകമായും ചെയ്യേണ്ടതുണ്ട്.

ഉപയോഗിക്കുന്ന കാപ്പിപ്പൊടിയും കോഫി പെയിന്‍റിംഗില്‍ പ്രധാനമാണ്. ഇന്‍സ്റ്റന്‍റ് കോഫീ പൗഡറുകള്‍ ഒരു സ്മൂത് ടെക്സ്റ്ററുകള്‍ നല്‍കുമ്പോള്‍ സാദാ കാപ്പിപ്പൊടികള്‍ കുറച്ചുകൂടെ റഫ് ആയിട്ടുള്ള ടെക്സ്റ്ററുകള്‍ കിട്ടാനാണ് ഉപയോഗിക്കുക.

അബ്സ്ട്രാക്ട് പെയിന്‍റിങ്ങുകളും അറബിക് കാലിഗ്രഫിയും ഉള്‍പ്പടെ സല്‍മയുടെ സ്റ്റാളില്‍ ലഭ്യമാണ്.

1000 രൂപ മുതല്‍ പെയിന്‍റിങ്ങുകള്‍ ലഭ്യമാണ്. ഫറോക്ക് സ്വദേശിയായ സല്‍മ വീട്ടിലിരുന്ന് തന്നെയാണ് പെയിന്‍റിംഗ് ചെയ്യുന്നത്. കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയിലുള്‍പ്പടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. coffee_arte എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലും സല്‍മയുടെ ചിത്രങ്ങള്‍ കാണാം.