“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ


കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്.

തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തിയിരിക്കുകയാണ്.

പൊളിച്ച തേങ്ങ ഒരു കിലോവിന് 45 രൂപ വിലയിൽ നിന്നാണ് 25 രൂപയിലേക്ക് കുറഞ്ഞത്.അതേസമയം കേര കൃഷിക്ക് ആവശ്യമായ ചിലവ് കൂടുകയാണ് . സാധാരണയായി ഈ മാസത്തോടെയാണ് പറമ്പുകൾ കിളയ്ക്കുന്നതും തെങ്ങിന് വളമിടുന്നതും. തേങ്ങയിൽ നിന്ന് വരുമാനം കുറഞ്ഞതോടെ പറമ്പുകളിൽ പണി എടുക്കുന്നവർക്കുള്ള കൂലി നൽകാൻ പോലും കഴിയാതെ ആകുന്നു.തെങ്ങിൽ നിന്നുള്ള അദായം കുത്തനെ കുറയുകയാണ് .

വിലയിടിവ് കാരണം കർഷകർ തേങ്ങയിടീക്കാൻ മടിക്കുന്നു.പറിച്ച് പൊളിച്ച് മാർക്കറ്റിൽ എത്തുമ്പോഴേക്കും വരവിനേക്കാൾ ചിലവാണ്.ഒരു തെങ്ങിൽ കയറാൻ മുപ്പത്തിയഞ്ച് രൂപയാണ് കൂലി.പൊളിക്കാൻ വേറെ കൂലിയും കൊടുക്കണം.തെങ്ങിൽ കയറാത്തതിനാൽ തേങ്ങ ഉണങ്ങി വീണ് മഴയിൽ കിളിർക്കുകയുംചെയ്യുന്നു.

ഇപ്പോള്‍ വളം ചെയ്താല്‍ മാത്രമാണ് അത്യാവശ്യമായി ലഭിക്കുന്ന മഴ തെങ്ങിനിടുന്ന വളത്തെ മണ്ണില്‍ ലയിപ്പിക്കുകയുളളു. എന്നാല്‍ അമിതമായ കൂലി ചെലവും രാസ-ജൈവ വളങ്ങളുടെ വില വര്‍ധനയും കാരണം ഒരു തരത്തിലുളള കൃഷി പണിയും ചെയ്യാന്‍ കര്‍ഷകര്‍ക്കാവുന്നില്ല.

രാസവളങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കുത്തനെ കൂടുകയാണ്. 50 കിലോ പൊട്ടാഷിന് കഴിഞ്ഞ വര്‍ഷം 1200 രൂപയായിരുന്നത് ഇപ്പോള്‍ ആയിരത്തി എഴുനൂറ് രൂപയായി കൂടി. കോക്കനട്ട് മിക്‌സ്ചറിന് എണ്ണൂറ് രൂപയില്‍ നിന്ന് ആയിരത്തി ഒരുന്നൂറ്റി അൻപത് രൂപയായി. ഫാക്ടംഫോസിന് ആയിരത്തി നാനൂറ്റി തൊണ്ണൂറ് രൂപയാണ് ഇപ്പോഴത്തെ എം.ആര്‍.പി വില. കഴിഞ്ഞ വര്‍ഷം ആയിരത്തി ഇരുനൂറ് വരെയായിരുന്നു. യൂറിയയ്ക്ക് മാത്രമാണ് കാര്യമായ വില കൂടാത്തത്. അൻപത് കിലോവിന് ഇരുനൂറ്റി അറുപത്തി ഒൻപത് രൂപയാണ് വില. നിലവാരമുളള പിണ്ണാക്കിനും അൻപത്തിരണ്ട് രൂപയാണ് മാര്‍ക്കറ്റ് വില. നേരത്തെയിത് നാല്പത്തി അഞ്ച് രൂപയായിരുന്നു.

തെങ്ങിന് വളം ചെയ്യുന്നതിന് മുമ്പ് മണ്ണ് പരിശോധന നടത്താത്തതും കര്‍ഷകര്‍ക്ക് വിനയാവുകയാണ്. ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തി വളം ചെയ്യുന്നതിന് പകരം കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ വളം ചെയ്യുന്നത് കാരണം നാളീകേര ഉല്‍്പപാദനം കൂടാത്ത അവസ്ഥയുണ്ട്.

മറ്റ് കൃഷിയെ ആശ്രയിക്കാതെ തെങ്ങിൽ നിന്നുള്ള ആദായത്തിൽ ജീവിക്കുന്നവരുടെ കാര്യമാണ് ഏറ്റവും ദുരിതം.ഇനി എന്നാണ് നാളീകേര വ്യവസായത്തിന് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ കഴിയുക എന്നത് കണ്ട്തന്നെ അറിയാൻ പറ്റുന്ന കാര്യം മാത്രമാണെന്നും ശ്രീധരൻ നായർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

summary:Coconuts that have been collected in their home fields are sprouting as they do not even get the amount to be paid to those who come to cut coconuts