അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറി, ദേഹാസ്വാസ്ഥ്യം തോന്നിയതോടെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങി; മുളിയങ്ങല്‍ സ്വദേശിക്ക് രക്ഷകരായത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരനും


പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ മുളിയങ്ങല്‍ സ്വദേശി ഇറങ്ങാന്‍ കഴിയാതെ പ്ലാവില്‍ കുടുങ്ങിപ്പോയി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലെ പ്ലാവില്‍ കയറിയ മുളിയങ്ങള്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയിലെ റഹീസാണ് ഇറങ്ങാന്‍ പറ്റാതെ ബുദ്ധിമുട്ടിയത്.

മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ അയല്‍വാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുനില്‍ കൈതയ്ക്കല്‍ അയല്‍വാസിയായ നാസര്‍ കൈതക്കല്‍ എന്നിവര്‍ മരത്തില്‍ കയറി റഹീസിനെ മരത്തോട് കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നു.

അപ്പോഴേക്കും പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. സേനാംഗങ്ങളായ ഉണ്ണികൃഷ്ണന്‍.ഐ, ശ്രീകാന്ത്.കെ എന്നിവര്‍ മരത്തില്‍ കയറി റഹീസിനെയും സഹായികളേയും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. സേനാംഗങ്ങളായ അശ്വിന്‍ ഗോവിന്ദ് എം.ജി, സ്മിതേഷ് സി.കെ, ഹോംഗാര്‍ഡ് രാജീവന്‍, ബാബു സിവില്‍ ഡിഫന്‍സ് അംഗം മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.