വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക്, നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വം; മുൻ എം.എൽ.എ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി


നാദാപുരം: വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും പിന്നീട് മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തോടെ ലീഗിന് നഷ്ടമായത് സമുന്നതനായ രാഷ്ട്രീയ നേതാവിനെയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദേഹം.

ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും വീണ്ടും മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. പതിറ്റാണ്ടുകളോളം നാദാപുരം നിയോജക മണ്ഡലം മുസ്‌ലം ലീഗ് പ്രസിഡന്റായിരുന്ന ഇദ്ദേഹം.

എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി 12 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സി.പി.എം നേതാവ് ഇ.വി.കുമാരനായിരുന്നു പ്രസിഡന്റ്. അടിയന്തരാവസ്ഥ കാലത്ത് ഇ.വി.കുമാരനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ രണ്ട് വര്‍ഷം പണാറത്ത് പ്രസിഡന്റുമായി.

1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായാണ് നിയമസഭയിലേക്കുള്ള ആദ്യ മത്സരം. സി.പി.എമ്മിലെ സി.എച്ച്. കണാരനോട് പരാജയപ്പെട്ടു. 1977ല്‍ മേപ്പയൂരില്‍ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജിയെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 1985ല്‍ പെരിങ്ങളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇ.ടി. മുഹമ്മദ് ബഷീറിനോടും പരാജയപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം,എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കയർ കോർപറേഷൻ ഡയരക്ടർ, ട്രാവൻകൂർ ടൈറ്റാനിയം ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. വടകര താലൂക്ക് പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്. 30 വര്‍ഷത്തോളം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റായും പ്രവൃത്തിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.