ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു.

കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം യു.ഡി.എഫ് ചേലിയ ഉപതിരഞ്ഞെടുപ്പിൽ നേടുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കൂടിയിട്ടുണ്ട്. പുതിയ വോട്ടര്‍മാരില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്. അന്തരിച്ച മുന്‍ അംഗം കെ.ടി.മജീദ് മികച്ച ഭൂരിപക്ഷത്തോടെയാണ് ഇവിടെ വിജയിച്ചത്. അതേ തിളക്കത്തോടെയുള്ള വിജയം യു.ഡി.എഫ് ചേലിയ ടൗണില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മൂന്നാം റൗണ്ട് വീടു കയറി പ്രചരണം പൂര്‍ത്തിയാക്കി എന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചേലിയ ടൗണ്‍ വാര്‍ഡില്‍ ഇത്തവണ മാറ്റമുണ്ടാകും. പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫ് ആണെങ്കിലും വാർഡ് മെമ്പർ യു.ഡി.എഫിൽ നിന്നാണ്. ഇതുകാരണം വാർഡിൽ വികസന മുരടിപ്പാണ്. അതിനാൽ തന്നെ ജനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിൽക്കും. ഓരോ വീടുകളിലും കയറി വോട്ടർമാരെ കണ്ട് വോട്ട് ചോദിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. വാർഡിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. വോട്ടെണ്ണുമ്പോള്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കയറി ബി.ജെ.പി ശക്തമായ പ്രചരണമാണ് നടത്തിയത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് വാഹന പ്രചാരണം നടത്തി. മുമ്പ് വാര്‍ഡ് മെമ്പറായ സമയത്ത് താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മതി തനിക്ക് വോട്ട് ചോദിക്കാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യ പ്രചാരണത്തിന്റെ ഇന്ന് യു.ഡി.എഫ് മാത്രമാണ് കലാശക്കൊട്ട് നടത്തിയത്. എല്‍.ഡി.എഫ് വാഹനപ്രചരണവും സമാപന സമ്മേളനവും നടത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.


Related News: ”ചേലിയ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്, എല്‍.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” രണ്ടാംഘട്ട വീടുകയറി പ്രചരണത്തിരക്കിനിടയില്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്


Related News: ”കെ.ടി.മജീദ് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യം” മൂന്നാം ഘട്ട വീടുകയറി പ്രചരണവും പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


 

Related News: ”2015-20 കാലത്ത് മെമ്പറായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി എനിക്ക് വോട്ടു ചോദിക്കാന്‍” ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്