സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി കേന്ദ്ര സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ചു; മൂടാടിയിലും തിക്കോടിയിലും വൻ പ്രതിഷേധം


തിക്കോടി: സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ തൊഴിലുറപ്പു ദിനങ്ങളിലെ മാറ്റത്തിന് ശക്തമായ പ്രതിഷേധവുമായി തിക്കോടി. തൊഴിലുറപ്പ്‌ പദ്ധതിയിൽ ഓഗസ്ററ് ഒന്നുമുതൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാൻ പാടുള്ളുവെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്‌.

ഗ്രാമീണമേഖലയിൽ ഒരു കുടുംബത്തിന്‌ പ്രതിവർഷം 100 തൊഴിൽദിനം നൽകണമെന്ന തൊഴിലുറപ്പ്‌ നിയമം ഇതോടെ ഇല്ലാതാകും. ഇത് കൂടാതെ പണി ആയുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക, ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് നിയമം സംരക്ഷിക്കാൻ മുഴുവൻ തൊഴിലാളികളും ഒന്നിച്ചണിചേരുക തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പ്രതിഷേധം നടന്നു. മൂടാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ നടന്ന പ്രതിഷേധത്തിന് ഉഷ പി.പി, ജാനകി.കെ.പി, ദേവി.കെ.പി, സഫിയ, ശാന്ത പി.പി എന്നിവർ നേതൃത്വം നൽകി.

തിക്കോടി പഞ്ചായത്തിലെ മൂന്നാം വാർഡിലും തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം എം.സി നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രനില സത്യൻ അദ്യക്ഷത വഹിച്ചു. ജാനകി, ജലജ, മിനി, ബിജു, ശ്രീനിഷ എന്നിവർ നേതൃത്വം നൽകി.

തിക്കോടി പഞ്ചായത്തിലെ 4,5 വാർഡുകൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നടത്തിയ സമരം യൂണിയൻ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സമരത്തിൽ ഷീബ പുൽപ്പാണ്ടി, ദിബിഷ എം, വി.വി ചന്ദ്രൻ, കെ.കെ രാഘവൻ എന്നിവർ സംസാരിച്ചു.