പണപ്പൊതി കണ്ടതോടെ റോഡരികില്‍ നിലയുറപ്പിച്ചു, അല്പസമയം നിന്നശേഷം പണം എടുത്ത് പോക്കറ്റിലിട്ടു; കുറ്റ്യാടിയില്‍ റോഡരികില്‍ വീണ പ്രവാസിയുടെ അരലക്ഷം രൂപ വഴിയാത്രക്കാരന്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ നഷ്ടപ്പെട്ട പ്രവാസിയുടെ പൊതി മറ്റൊരാള്‍ എടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനു ലഭിച്ചു. റോഡില്‍ വീണുകിടക്കുന്ന പണപ്പൊതി ശ്രദ്ധയില്‍പ്പെട്ട ആള്‍ ഒന്നുമറിയാത്തപോലെ റോഡരികില്‍ നില്‍ക്കുകയും ആളുകള്‍ പോയപ്പോള്‍ പണം പോക്കറ്റിലിട്ട് കടന്നുകളയുകയുമായിരുന്നു.

വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങി നടന്നുപോകുമ്പോള്‍ മടിയില്‍ തിരുകിയ പണപ്പൊതി വീണുപോകുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പണം കണ്ടെത്താനുള്ള പ്രചാരണം നടത്തി.

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ എം.ഐ.യു.പി സ്‌കൂളിനു മുന്നിലെ ജ്വല്ലറിയിലെ സി.സി.ടി.വിയിലാണ് ഹമീദ് നടന്നുപോകുന്നതും റോഡരികില്‍ പണപ്പൊതി വീണുപോകുന്നതും കാണുന്നത്.