നന്തിയില്‍ വീണ്ടും അപകടം; വാഹനാപകടത്തെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കിനിടെ മറികടന്നുപോകാന്‍ ശ്രമിച്ച സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് യാത്രികര്‍ക്ക് പരിക്ക്
നന്തിബസാര്‍: നന്തി ബസാറില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് പിന്നാലെ വീണ്ടും അപകടം. ഗതാഗതക്കുരുക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 58 എ.ജി 0207 നമ്പപറിലുള്ള സായി കൃഷ്ണ ബസാണ് അപകടത്തിനിടയാക്കിയത്. ഈ ബസ് മുന്നിലുണ്ടായിരുന്ന ടിപ്പര്‍ലോറിയില്‍ ഇടിക്കുകയും ലോറി അതിനുമുമ്പിലെ കാറില്‍ ഇടിക്കുകയുമായിരുന്നു.
കാര്‍ യാത്രികരായ രണ്ടുപേർക്കും ബസിലെ ഒരാള്‍ക്കും പരിക്കുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവര്‍ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടകരയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍.
അപകടത്തില്‍പ്പെട്ട ബസ് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരെ മറ്റുവാഹനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും നിരതെറ്റിച്ചുള്ള പോക്കിനുമെതിരെ ശക്തമായ ജനരോഷമാണ് നന്തിയില്‍ നിന്നും ഉയരുന്നത്.
Summary: Another accident in Nandi; Car passengers injured after private bus tries to overtake vehicles during traffic jam following accident