ചേളന്നൂരില്‍ കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുപതുകാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്


കോഴിക്കോട്:
കോഴിക്കോട് കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

അടുവാറക്കല്‍ താഴം കൊല്ലരുകണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു (19), എരവന്നൂര്‍ കക്കുഴി പറമ്പില്‍ സലാഹുദ്ദീന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍. തുടര്‍ന്ന് മതിലില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കാര്‍ പൂര്‍ണമായും തകര്‍ന്ന അതിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാര്‍. നാട്ടുകാരും കാക്കൂര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നരിക്കുനിയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.

തുടര്‍ന്ന് അതുവഴി പോയ വാഹനങ്ങളിലും കാക്കൂര്‍ പൊലീസിന്റെ ജീപ്പിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

അഭിനന്ദിന്റെ അമ്മ: നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്.