നഗരത്തിലെത്താന്‍ വിവിധ വാഹനങ്ങള്‍ കയറിയിറങ്ങി; ബസ് പണിമുടക്കില്‍ ബുദ്ധിമുട്ടിലായി കൊയിലാണ്ടി മേഖലയിലുള്ളവര്‍


കൊയിലാണ്ടി: നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് നട്ടംതിരിച്ച് കൊയിലാണ്ടി മേഖലയിലെ ജനങ്ങള്‍. കൊയിലാണ്ടി മേഖലയിലെ ഉല്‍ഭാഗങ്ങളിലുള്ളവരെയാണ് പണിമുടക്ക് കൂടുതലായി ബാധിച്ചത്. ജോലിക്കും താലുക്ക് ആശുപത്രിയിലേക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ഓട്ടോ-ജീപ്പ് തുടങ്ങിയവയെ ആശ്രയിച്ചാണ് കൊയിലാണ്ടി നഗരത്തില്‍ എത്തിച്ചേര്‍ന്നത്. ബസ് സര്‍വ്വീസ് പോലെ ദൂര്‍ഘ ദൂരത്തില്‍ ഇവ സര്‍വീസ് നടത്താത്തതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര, മേപ്പയ്യൂര്‍, ബാലുശ്ശേരി, ഉള്ള്യേരി, മുചുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ ഭാഗങ്ങളിലുള്ളവരാണ് ബസ് പണിമുടക്കില്‍ കൂടുതല്‍ ബുദ്ധിമുട്ടിലായത്. പണിമുടക്കിനെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നത് നഗരത്തിലെത്തുന്നവര്‍ക്കാണ്.

കോഴിക്കോട് നഗരത്തിലും മറ്റും ജോലി ചെയ്യുന്ന ഉള്‍ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സാധാരണ കൊയിലാണ്ടിയില്‍ എത്തിയാണ് ജോലി സ്ഥലങ്ങളിലേക്ക് പോകാറുള്ളത്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ലിമിറ്റഡ് ബസുകള്‍ നിറയെ ആളുകളുമായാണ് സാധാരണ സ്റ്റാന്റില്‍ എത്താറ്. മണിമുടക്കായതോടെ കൊയിലാണ്ടിയിലുള്ളവര്‍ക്ക് ബസില്‍ കേറിപറ്റാന്‍ കൂടെ സാധിക്കാത്ത സ്ഥിതിയായിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള പണിമുടക്ക് പിന്‍വലിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.