ബസ് പണിമുടക്ക് കൂടുതല്‍ ബാധിച്ചത് നാട്ടിന്‍ പുറങ്ങളിലുള്ളവരെ; രാവിലെ മുതല്‍ പയ്യോളിയില്‍ ദൃശ്യമായത് ജനങ്ങളുടെ നീണ്ടനിര


പയ്യോളി: സ്വകാര്യ ബസ് പണിമുടക്ക് പയ്യോളിയിലും പൂര്‍ണ്ണം. പയ്യോളി മേഖലയില്‍ ബസ്സുകളൊന്നും നിരത്തിലിറങ്ങാത്തത് ജനജീവിതത്തെ ബാധിച്ചു. മേപ്പയ്യൂര്‍, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുള്ളവരെയും നാട്ടിന്‍ പുറങ്ങളിലുള്ളവരെയുമാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. കൊളാവിപാലം, മണിയൂര്‍ ഭാഗങ്ങളിലേക്ക് ഓട്ടോ സര്‍വീസ് നേരത്തെമുതലുള്ളതിനാല്‍ പണിമുടക്ക് ഇവിടെയുള്ളവരെ വലിയ രീതിയില്‍ ബാധിച്ചില്ല.

ജനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ പയ്യോളി ബസ് സ്റ്റാന്‍ഡില്‍ ദൃശ്യമായത്. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട നിരവധി യാത്രക്കാരാണ് സ്റ്റാന്റിലെത്തിയത്. വാഹനത്തിലെ തിക്കും തിരക്കും കാരണം ദൂരസ്ഥലങ്ങളിലെ ജോലി സ്ഥലത്തേക്ക് സ്വകാര്യ വാഹനത്തില്‍ പോകാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി.

സ്‌റ്റെപ്പില്‍ വരെ ആളുകളുമായാണ് പല കെ.എസ്.ആര്‍.ടി.സി ബസുകളും പയ്യോളിയിലൂടെ കടന്നുപോയത്. സര്‍വ്വീസുകളുടെ എണ്ണം കൂട്ടിയിരുന്നെങ്കിലും സ്വകാര്യ ബസ് സര്‍വീസുകളോടൊപ്പം നില്‍ക്കാന്‍ പ്രാപ്തമല്ലായിരുന്നു കെ.എസ്.ആര്‍.ടി.സി. ജോലിക്ക് പോകാനുള്ളവരുടെ തിരക്കും വിദ്യാര്‍ത്ഥികളുമാണ് രാവിലെ ബസുകളിലെ തിക്കും തിരക്കിനും ഇടയാക്കിയത്. പതിനൊന്ന് മണിയായതോടെ സ്റ്റാന്റിലെതിരക്കും കുറഞ്ഞിരുന്നു.

ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താനും ബുദ്ധിമുട്ട് നേരിട്ടു. വിവിധ വാഹനങ്ങള്‍ മാറി കയറേണ്ടി വന്നതിനാല്‍ യാത്രയ്ക്ക് കൂടുതല്‍ തുകയും ചെലവായി. കൊവിഡും മറ്റും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ബസ് പണിമുടക്കും ജനജീവിതം ദുസ്സഹമാക്കി.

മിനിമം ചാര്‍ജ് 12രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസയാക്കി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കാരംഭിച്ചത്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുകയാണ്. വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്.