കളഞ്ഞുകിട്ടിയ സ്വര്‍ണം കണ്ട് കണ്ണ് മഞ്ഞളിച്ചില്ല; കൊയിലാണ്ടിയിലെ ബസ് ഉടമ രജീഷ് കുമാറിന്റെ വലിയ മനസിന് കൈയ്യടി


കൊയിലാണ്ടി: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി ബസ് ഉടമ മാതൃകയായി. കൊയിലാണ്ടി -വടകര തണ്ണീർ പന്തൽ റൂട്ടിൽ സർവീസ് നടത്തുന്ന ഒറിക്സ് ട്രാവൽസ് ഉടമയും കണ്ടക്ടറുമായ അയനിക്കാട് അരക്കൻ്റെ വളപ്പിൽ രജീഷ് കുമാര്‍ ആണ് ബസില്‍ നിന്നും കിട്ടിയ ഒന്നര പവനിലേറെ വരുന്ന കൈചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്‌.

ശനിയാഴ്ച രാവിലെയാണ് സംഭവം. കൊയിലാണ്ടിയിലെ ഗീത വെഡ്ഡിങ്ങ്‌സ് ജീവനക്കാരി ശാലിനിയുടേതായിരുന്നു സ്വര്‍ണം. ഗീത വെഡ്ഡിങ്ങ്‌സ് എത്തിയപ്പോള്‍ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനിടെയാണ് ശാലിനിയുടെ കൈയില്‍ അണിഞ്ഞ സ്വര്‍ണ കൈചെയില്‍ സീറ്റിലേക്ക് വീണത്. എന്നാല്‍ ഇക്കാര്യം അറിയാതെ ശാലിനി സ്‌റ്റോപ്പില്‍ ഇറങ്ങി. ശേഷം കൈചെയിന്‍ രജീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ സീറ്റിലുണ്ടായിരുന്നവരോടും ബസിലെ യാത്രക്കാരോടും കൈചെയിന്‍ വീണുപോയിട്ടുണ്ടോയെന്ന് ചോദിച്ചു. ഉടമയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സ്വര്‍ണം രജീഷ് സൂക്ഷിച്ച് വെച്ചു.

ഇതിനിടെ ഉച്ചയോടെ ബസില്‍ നിന്നും സ്വര്‍ണം വീണുകിട്ടിയോ എന്ന് ചോദിച്ച് ഒരാള്‍ വിളിച്ചതോടെയാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് ശാലിനിയുമായി സംസാരിച്ച് സ്വര്‍ണം അവരുടേതാണെന്ന് ഉറപ്പ് വരുത്തി. ശേഷം 3മണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വച്ച് ശാലിനിക്ക് കൈചെയിന്‍ കൈമാറി. ബസ് ജീവനക്കാരായ ഡ്രൈവർ വി.എം അഖിലേഷ്, നിധിൻ കൃഷ്ണ അപ്പു എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം തിരികെയേൽപ്പിച്ചത്.