പൊതി പരിശോധിച്ചപ്പോള്‍ കണ്ടത് മിഠായികളും 500 രൂപയുടെ മൂന്നു കെട്ടുകളും; ബസ്സില്‍ പണം മറന്നു പോയ യാത്രക്കാരനെ അന്വേഷിച്ചു കണ്ടെത്തി മാതൃകയായി തിക്കോടി സ്വദേശി പ്രദീപ്


പയ്യോളി: അവസാന ട്രിപ്പ് കഴിഞ്ഞ് ഇറങ്ങുംമുമ്പ് ബസ് ആകെയൊന്ന് പരിശോധിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രി അത്തരമൊരു പരിശോധനയ്ക്കിടെയാണ് കണ്ടക്ടറായ തിക്കോടി പെരുമാള്‍പുരം നല്ലോളി പ്രദീപ് റാക്കില്‍ ഒരു പൊതികണ്ടത്. ഇതുപോലെന്തെങ്കിലും കിട്ടിയാല്‍ അതെടുത്ത് ബസിലെ പെട്ടിയില്‍ സൂക്ഷിക്കും, ആരെങ്കിലും അന്വേഷിച്ചെത്തിയാല്‍ അവര്‍ക്ക് കൊടുക്കുകയും ചെയ്യാറാണ് പതിവ്. അതുപോലെ ചെയ്ത് പ്രദീപ് വീട്ടിലേക്ക് മടങ്ങി.

പിറ്റേദിവസം ആരും പൊതി അന്വേഷിച്ചെത്തിയില്ല. ബുധനാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി പണികഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ആ പൊതി കൂടി എടുത്തു.

വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കുറച്ച് മിഠായികളും അതിനിടയില്‍ 500 രൂപയുടെ മൂന്നു കെട്ടുകളും കണ്ടത്. പണം നഷ്ടപ്പെടുമ്പോഴുള്ള ആധി നന്നായി അറിയാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്നായി. സുഹൃത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. പൊതിയിലുണ്ടായ മറ്റു വസ്തുക്കള്‍ പരിശോധിക്കവെയാണ് ബാങ്ക് പാസ് ബുക്കും എ.ടി.എം കാര്‍ഡും പണം പിന്‍വലിച്ച ബാങ്കിന്റെ രശീതുമൊക്കെ കാണുന്നത്. അതില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി.

മൂരാടി സ്വദേശിയായ ശ്രീജിത്തിന്റേതായിരുന്നു ആ പൊതി. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം സുരക്ഷിതമായി ഇരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പിന്നെ ശ്രീജിത്ത് ഒട്ടും താമസിയാതെ തന്നെ പ്രദീപിന്റെ വീട്ടിലേക്ക് തിരിച്ചു. ആ പൊതി കൈപ്പറ്റുകയും ചെയ്തു.

കൊയിലാണ്ടി- വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സജോഷ് ബസിലെ കണ്ടക്ടറാണ് പ്രദീപന്‍. 32 വര്‍ഷമായി പ്രദീപ് കണ്ടക്ടര്‍ ജോലിയെടുക്കുകയാണ്. ഭാര്യ: സിന്ധു, മക്കള്‍: അമല്‍, അഖില്‍.