സംസ്ഥാനത്ത് ബസ്, ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ബസുകളില്‍ മിനിമം ചാര്‍ജ് 10 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ബസ് മിനിമം ചാര്‍ജ് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കിയാണ് ഉയര്‍ത്തിയത്. മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോമീറ്ററിന് ഒരു രൂപ വീതം കൂടും.

ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കിയാണ് ഉയര്‍ത്തി. കിലോമീറ്ററിന് 12 രൂപ എന്ന നിരക്ക് 15 രൂപയാക്കി ഉയര്‍ത്തി.

1500 സി.സിയ്ക്ക് താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം നിരക്ക് 200 രൂപയും 1500 സി.സിയ്ക്ക് മുകളിലുള്ള ടാക്‌സി കാറുകള്‍ക്ക് 225 രൂപയുമാക്കി വര്‍ധിപ്പിച്ചു.

നേരത്തേ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

പുതിയ നിരക്കുള്‍ അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉത്തരവ് ഇറങ്ങുന്നത് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം വെയിറ്റിങ് ചാര്‍ജ്, രാത്രി നിരക്ക് എന്നിവയില്‍ ഓട്ടോറിക്ഷാ, ടാക്‌സി ഘടനയില്‍ മാറ്റമില്ല.