‘നടയകം പാടശേഖരത്തില്‍ നെല്‍കൃഷി വ്യാപിപ്പിക്കും, ടൂറിസം മേഖല വിപുലീകരിക്കും’; തിക്കോടി പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു


തിക്കോടി: തിക്കോടി പഞ്ചായത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ബജറ്റ്. നടയകം പാടശേഖരത്തില്‍ നെല്‍കൃഷി വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ രാമചന്ദ്രന്‍ കുയ്യണ്ടി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് ആമുഖപ്രസംഗം നടത്തി.

കാര്‍ഷികമേഖലയ്ക്ക് 1.07 കോടി രൂപയും ഭവന നിര്‍മാണത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. തൊഴിലുറപ്പു പദ്ധതി 112230 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും 5.44 കോടി രൂപ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി വകയിരുത്തി വനിതകള്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ടൂറിസം മേഖല വിപുലീകരിക്കും, നടയകം പാടശേഖരത്തില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ബജറ്റ് മുന്‍ഗണന നല്‍കുന്നു.

ബജറ്റ് ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍ വിശ്വന്‍, കെ.പി ഷക്കീല, മെമ്പര്‍മാരായ എന്‍.എം.ടി അബ്ദുള്ള കുറ്റി, സന്തോഷ് തിക്കോടി, ദിബിഷ എം, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.