കിടിലന്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍; ദിവസം 2ജി ഡാറ്റയടക്കം 14 മാസത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം


ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ കടുത്ത മത്സരം ഉയര്‍ത്താനായി ആകര്‍ഷകമായ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു. ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാന്‍ ആണ് ബി.എസ്.എന്‍.എല്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. 2398 രൂപയില്‍ ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍. ഇതിലെന്താ ഇത്ര അതിശയമെന്നല്ലേ, പറയാം. ഈ പ്ലാന്‍ എടുത്താല്‍ രണ്ട്മാസം കൂടി അധികം കിട്ടും. അതായത് 14മാസം.

ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ 12 മാസത്തെ പ്ലാനിന് പോലും 3500 രൂപയിലധികം ഈടാക്കുമ്പോഴാണ് ബിഎസ്എന്‍എല്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അനിയന്ത്രിതമായ കോള്‍, ദിവസേന 100 സൗജന്യ എസ്.എം.എസ് ഓപ്ഷനുകള്‍ എന്നിവയും പ്ലാനിലുണ്ട്.

നിലവില്‍ ജമ്മു കശ്മീര്‍ മേഖലയില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്ന കാര്യം ബി.എസ്.എന്‍.എല്ലിന്റെ പരിഗണനയിലുണ്ട്. വാര്‍ഷിക പ്ലാനുകള്‍ക്ക് രാജ്യമെമ്പാടും സ്വീകാര്യത വര്‍ധിച്ചുവരുന്ന സമയത്ത്, ഉടന്‍ തന്നെ പുതിയ പ്ലാന്‍ രാജ്യമെമ്പാടും ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.