ട്യൂഷനുപോയി തിരിച്ചുവരുംവഴി കാണാതായി; പിന്നീട് കണ്ടെത്തിയത് യുവാവിനൊപ്പം തൂങ്ങിമരിച്ച നിലയില്‍; ബാലുശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കാണാതായത് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ


ബാലുശേരി: ചുരക്കണ്ടി മലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീലക്ഷ്മിയെ കാണാതായത് ട്യൂഷന്‍ കഴിഞ്ഞ് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങവെ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി പതിവുപോലെ ട്യൂഷനു പോയതായിരുന്നു. ക്ലാസ് കഴിഞ്ഞ് അച്ഛനൊപ്പം ബൈക്കില്‍ തിരിച്ചുപോരവെ വഴിയില്‍വെച്ച് വണ്ടി കേടായി. തുടര്‍ന്ന് മകളെ അവിടെ നിര്‍ത്തി വണ്ടി നന്നാക്കി തിരികെയെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുമല സ്വദേശി അഭിനവിനൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുവരും ബന്ധുക്കളായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ശ്രീലക്ഷ്മിയെ കാണാതായത്. അഭിനവിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നു. ഈ സമയത്ത് അഭിനവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് താമരശേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിനവിനൊപ്പം ശ്രീലക്ഷ്മി കിനാലൂരിലെ വീട്ടിലെത്തിയിരുന്നതായാണ് വിവരം. രാത്രിയോടെയാണ് ചൂരക്കണ്ടി മലയിലേക്ക് പോയത്. രാത്രി 10.30 നുള്ളിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

താമരശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷിന്റയും ബീനയുടെയും മകളാണ്. ഒരു സഹോദരനുണ്ട്. കിനാലൂര്‍ ചൂരക്കണ്ടി അനില്‍കുമാറിന്റെ മകനാണ് അഭിനവ്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.