ദുരൂഹത മാറാതെ ബാലുശ്ശേരി സ്വദേശി വ്ലോഗ്ഗർ റിഫ മെഹ്‌നുവിന്റെ മരണം; മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി


ബാലുശ്ശേരി: വ്ളോഗറും ആൽബം താരവുമായ ബാലുശ്ശേരി പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെനുവിന്റെ (21) മരണത്തിൽ ദുരൂഹത. മരണത്തിനു മണിക്കൂറുകൾ മുൻപ് വരെ സന്തോഷമായി കുടുംബാംഗങ്ങളോട് സംസാരിക്കുകയും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മൃതദേഹം ഇന്ന് വെളുപ്പിനെ നാട്ടിൽ എത്തിക്കുകയും കബറടക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെയായിരുന്നു കബറടക്കം.

ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ തിങ്കളാഴ്ചയാണ് റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മാർട്ടത്തിൽ ആത്മഹത്യയാണെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

മരിക്കുന്നതിനു ഏതാനം മണിക്കൂറുകൾക്കു മുൻപും നാട്ടിലേക്ക് വിളിച്ച് ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നൽകിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം പെട്ടെന്നിങ്ങനെ തോന്നാൻ കാരണം മനസ്സിലാവാതെ ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.

തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് മെഹനാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ റിഫ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസിലേക്ക് മൃതദേഹം മാറ്റുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ റിഫയുടെ മരണവിവരം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി മെഹ്നാസ് പോസ്റ്റ് ചെയ്തിരുന്നു.വീഡിയോ പിന്നീട് നീക്കം ചെയ്തു.

ഇരുവരുമൊരുമിച്ച് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു വയസ്സുള്ള മകനുണ്ട് ഇവർക്ക്. കഴിഞ്ഞ മാസമാണ് മകനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം നിർത്തി റിഫ ദുബായിലേക്ക് പോകുന്നത്.