കഥകളിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ ഇനി ബാലന്‍ നായര്‍ ഉണ്ടാകില്ല, കീഴ്പ്പയ്യൂരിന്റെ അതുല്യ കലാകാരന് നാട് വിട ചൊല്ലി


മേപ്പയ്യൂര്‍: ബാലന്‍ നായരുടെ വിയോഗത്തോടെ കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂര്‍വ്വ കലാകാരനെ, പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപകനായിരുന്ന മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായരുടെ മരണത്തില്‍ വേദനിക്കുകയാണ് നാട്. നൃത്തത്തിലും കഥകളിയിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം.

ചെറു പ്രായം തൊട്ടെ കീഴ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്ര അഗ്രശാലയില്‍ കഥകളി അഭ്യസിച്ച ബാലന്‍ നായര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോള്‍ മേപ്പയ്യൂര്‍ ബാലന്‍ നായര്‍ എന്നാണറിയപ്പെട്ടത്. തുടക്ക കാലത്ത് തന്നെ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ അരുമ ശിഷ്യനായി മാറിയ ബാലന്‍ നായര്‍ പിന്നീട് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടു.

കഥകളിയില്‍ ഗുരു ചേമഞ്ചേരി പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തുല്യ പ്രാധാന്യമുള്ള സ്ത്രീവേഷം ബാലന്‍ നായര്‍ അദ്ദേഹത്തിന്റെ മരണം വരെ മറ്റാര്‍ക്കും വിട്ടു കൊടുത്തിരുന്നില്ല. ചേമഞ്ചേരി നൂറാം വയസ്സില്‍ കീഴ്പ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തില്‍ ദുര്യോധന വധത്തിലെ ഒരു ഭാഗം നിറഞ്ഞാടിയപ്പോള്‍ ശ്രീകൃഷ്ണനായ കുഞ്ഞിരാമന്‍ നായര്‍ക്കൊപ്പം പാഞ്ചാലിയായി ജനത്തെ ത്രസിപ്പിക്കാന്‍ ബാലന്‍ നായരും ഉണ്ടായിരുന്നു.

കഥകളിക്കൊപ്പം നൃത്തവും ബാലന്‍ നായര്‍ക്ക് നന്നായി വഴങ്ങും. ദീര്‍ഘകാലം പൂക്കാട് കലാലയത്തിലും, കീഴ്പ്പയ്യൂര്‍ സമന്വയ സാംസ്‌കാരിക വേദിയിലും നൃത്ത അധ്യാപകനായി പ്രവര്‍ത്തിച്ച ബാലന്‍ നായര്‍ക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.

കുനിയില്‍ പരദേവതാ ക്ഷേത്രം ഭാരവാഹിയായും സമന്വയ സാംസ്‌കാരിക വേദിയുടെ ഉപദേശകനായും നാടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന അതുല്യ കലാകാരന്റെ നിര്യാണം എന്നും നാടിന് തീരാനഷ്ടം തന്നെയാണ്.

ചൊവ്വാഴാച രാവിലെയാണ് ബാലന്‍ നായര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഭൗതീക ശരീരം കീഴ്പ്പയ്യൂര്‍ കുനിയില്‍ ക്ഷേത്രത്തിനടുത്തുള്ള തറവാട്ട് വീട്ടില്‍ ഉച്ചയോടെ സംസ്‌കരിച്ചു. ഭാര്യ നളിനി അമ്മ. മക്കള്‍ ബിന്ദു, ബിനി. മരുമക്കള്‍ പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍ ചെറുവണ്ണൂര്‍).

summary: Balan Nair will no longer be there to pass on the lessons of Kathakali, bid farewell to the unique artist of Kirpayyur