ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പിന് സമാപനം, കൊയിലാണ്ടി ഗവ. കോളേജില്‍ നടന്ന പരിപാടിയിയോടനുബന്ധിച്ച് കേളപ്പജിയുടെ വീട്ടിലേക്ക് നടത്തിയ പദയാത്ര ആവേശമായി


കൊയിലാണ്ടി: കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പ് കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ സമാപിച്ചു.

ഡി.ഡി ഇന്‍ ചാര്‍ജ്ജ് ഡോ.സി.വി.ഷാജിയുടെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നെത്തിയ ക്യാംപ് അംഗങ്ങള്‍ മുചുകുന്നിലെ കേളപ്പജിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പദയാത്ര അകലാപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ തറവാടായ കൊയപ്പള്ളി വീടും സന്ദര്‍ശിച്ചു.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍.സി.കെ യാത്ര ഉദ്ഘാടനം ചെയ്തു. ഹരിജനോന്നമനം ലക്ഷ്യമാക്കി 1927-ല്‍ കേളപ്പജി സ്ഥാപിക്കുകയും 1934-ല്‍ ഗാന്ധിജി സന്ദര്‍ശിക്കുകയും ചെയ്ത ശ്രദ്ധാനന്ദ വിദ്യാലയം, സ്ഥിതിചെയ്യുന്ന പാക്കനാര്‍ പുരത്ത് പദയാത്ര സമാപിച്ചു.

ഈ വിദ്യാലയമാണ് പിന്നീട് ഗാന്ധി സദനം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. സമാപന സമ്മേളനം തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് സി.കെ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ ബന്ധുക്കളും ഗാന്ധി സദനം പ്രവര്‍ത്തകരും പദയാത്രക്ക് ആശംസകളര്‍പ്പിച്ചു.പദയാത്രക്ക് നിരവധി സ്ഥലങ്ങളില്‍ സ്വീകരണങ്ങളൊരുക്കിയിരുന്നു.