പേരാമ്പ്രയിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് അപകടം; ഓട്ടോ തലകീഴായി കാനയിലേക്ക് മറിഞ്ഞു, നാലുപേർക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്ക്. വൈകിട്ട് മൂന്നേ മുക്കാലോടെ വാട്ടർ അതോറിറ്റിയുടെ മുൻപിലായിരുന്നു സംഭവം.

വടകര ഭാഗത്ത് നിന്നു വന്ന ഓട്ടോ പേരാമ്പ്ര ഭാഗത്ത് റിവേഴ്‌സ് എടുക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തെറിച്ച് സമീപത്തുണ്ടായിരുന്ന കാനയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഉടനെ തന്നെ ഓടി കൂടിയ നാട്ടുകാരും പേരാമ്പ്ര അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി ഇവരെ ആശുപത്രിയിലെത്തിച്ചു.

ഡ്രൈവറുൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന നാലു പേർക്കും പരുക്കുണ്ട്. എല്ലാവരെയും അഗ്നിശമന സേന ആശുപത്രിയിലെത്തിച്ചു. ഓട്ടോ ഡ്രൈവർ സജീവൻ കാക്കരമുക്കിനു കൂടുതൽ പരുക്കുകളുള്ളതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പേരാമ്പ്ര അഗ്നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന സജീവന്റെ ഭാര്യ വത്സല, യാത്രക്കാരി ആത്മ, ആത്മയുടെ മകൾ ആയിഷ എന്നിവരെ താലൂക്ക് ആശുപ്ത്രിയിലേക്കാണ് കൊണ്ടുപോയത്.

കാറിനു സാരമായ കേടുപാടുകൾ ഉള്ളുവെങ്കിലും ഓട്ടോയ്ക്ക് വലിയ തോതിൽ കേടുപാടുകളുള്ളതായി അഗ്നിശമന സേന പറഞ്ഞു. അഗ്നിശമന സേനയുടെ കെട്ടിടം അപകടം നടന്ന സ്ഥലത്തിന് സമീപമായതിനാൽ അവർ ഉടനെ തന്നെ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.