അത്തോളിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ

അത്തോളി: അത്തോളിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പാലോറത്ത്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മോഷ്ടിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെയാണ് പരിസരവാസികൾ ചേർന്ന് പിടികൂടിയത്. ആസാം സ്വദേശി ജുനറാം ബര്‍വ (27) യാണ് പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന ശേഷം ഇവർ വഴിപാട് കൗണ്ടറിന്റെ ചില്ലും തകര്‍ത്തു. ചില്ല് തകരുന്ന ശബ്ദം കേട്ടാണ് പരിസരവാസികൾ എത്തിയത്. ഉടനെ തന്നെ കള്ളനെ പിടികൂടുകയായിരുന്നു. എന്നാൽ ഇയാളോടൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

ഉടനെ തന്നെ നാട്ടുകാര്‍ അത്തോളി പോലീസിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തിയ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നു.