കേരള തീരത്ത് മറ്റൊരു കപ്പലിന്‌ കൂടി തീ പിടിച്ചു; അപകടം കൊച്ചി തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ


കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ മറ്റൊരു കപ്പലിനു കൂടി തീ പിടിച്ചു. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്ററേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്.എന്നാൽ തീ നിയന്ത്രണവിധേയമായെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.

ഇന്ന് രാവിലെ രാവിലെ 8.40നായിരുന്നു ഇക്കാര്യം കോസ്റ്റ്ഗാർഡിനെ അറിയിക്കുന്നത്. കൊച്ചി തീരത്ത് നിന്ന് 50 നോട്ടിക്കൽ‍ മൈൽ ദൂരത്തു വച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ‍ പറയുന്നു. എൽഇഡി/ലിഥിയം ബാറ്ററികളാണ് കപ്പലിൽ ഉള്ളത് എന്നാണ് വിവരം. ജൂൺ എട്ടിന് പോര്‍ട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട് നാളെ മുംബൈയിൽ എത്തേണ്ടതാണ് കപ്പൽ.

കപ്പൽ ഇപ്പോൾ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. 20 ദിവസത്തിനുള്ളിൽ മൂന്നാമത്തെ കപ്പലിനാണ് കേരള തീരത്ത് വച്ച് തീ പിടിക്കുന്നത്.